Description
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഏകദേശം രണ്ടര കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്ന വെട്ടുകാട് പള്ളി (മാദ്രെ ദെ ദേവൂസ് ദേവാലയം) തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ പ്രധാന ക്രൈസ്തവ തീർത്ഥാടനകേന്ദ്രങ്ങളിലൊന്നാണ്. പള്ളി തിരുവന്തപുരത്തെ കടലോരപ്രദേശമായ വെട്ടുകാട്ടിലാണ് സ്ഥിതിചെയ്യുന്നത്. സമുദ്രത്തിന്റെ ശാന്തതയും ആത്മീയതയുമൊന്നിക്കുന്ന ഈ പ്രദേശം ഭക്തർക്കു ആത്മീയമായ ശാന്തിയും പ്രചോദനവും നൽകുന്നു.
വിശുദ്ധ ഫ്രാൻസിസ് സേവ്യർ, ഭരതത്തിന്റെ രണ്ടാം അപ്പോസ്തലൻ എന്ന് അറിയപ്പെടുന്ന മഹാനായ മിഷനറിയുടെ പാദസ്പർശനത്താൽ ഈ പ്രദേശം അനുഗൃഹീതമായ പുണ്യഭൂമിയാണെന്ന് വിശ്വസിക്കപ്പെടുന്നു. 1942-ൽ ക്രിസ്തുരാജന്റെ തിരുസ്വരൂപം ഇവിടെ സ്ഥാപിക്കപ്പെട്ടു. ഇടവകാംഗനായിരുന്ന റവ. ഫാ. സി.എം. ഹിലാരിയുടെ പൗരോഹിത്യ സ്വീകരണത്തിന്റെ ഓർമ്മയ്ക്കായി അദ്ദേഹത്തിന്റെ മാതാപിതാക്കൾ ആ സ്വരൂപം പള്ളിക്ക് സമർപ്പിച്ചു. അതിനുശേഷം വെട്ടുകാട് പള്ളി ക്രിസ്ത്യൻ വിശ്വാസികളുടെ ആത്മീയ ജീവിതത്തിൽ പ്രത്യേക സ്ഥാനമെടുത്തിരിക്കുന്നു.
ഇന്ന് വെട്ടുകാട് പള്ളി കേരളത്തിലെ പ്രധാന തീർത്ഥാടനകേന്ദ്രങ്ങളിൽ ഒന്നായി മാറിയിരിക്കുന്നു. പത്തുദിവസം നീളുന്ന വാർഷിക ഉത്സവം അതിവിപുലമായും ഭക്തിനിഷ്ഠയോടെയും ആഘോഷിക്കുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് തീർത്ഥാടകർ ജാതി, മത ഭേദമന്യേ ഇവിടെയെത്തുന്നു. എല്ലാ വെള്ളിയാഴ്ചകളും അനവധി വിശ്വാസികൾ ക്രിസ്തുരജന്റെ അനുഗ്രഹം തേടി പള്ളിയിൽ പങ്കെടുക്കുന്നു. വിശ്വാസം, സമാധാനം, ആത്മീയത എന്നിവയെ ഒന്നിപ്പിക്കുന്ന ഈ ദേവാലയം തിരുവനന്തപുരം നഗരത്തിന്റെ അഭിമാനമായും ക്രൈസ്തവ ആത്മീയതയുടെ പ്രതീകമായും നിലകൊള്ളുന്നു.

Add a review