Description
തിരുവനന്തപുരം നഗരത്തിന്റെ ആത്മീയ പാരമ്പര്യത്തിൽ ഏറെ പ്രാധാന്യമർഹിക്കുന്ന പുരാതന ശിവക്ഷേത്രങ്ങളിലൊന്നാണ് ഇളംകുളം ശ്രീ മഹാദേവ ക്ഷേത്രം. മഹാ മൃത്യുഞ്ജയ മൂർത്തിയായി ഭക്തർ ആരാധിക്കുന്ന ഇവിടുത്തെ മഹാദേവൻ രോഗശാന്തിയും ആയുരാരോഗ്യവും നൽകുന്ന ദൈവിക ശക്തിയായാണ് വിശ്വസിക്കപ്പെടുന്നത്. പ്രകൃതിയുടെ നിശ്ശബ്ദതയും ദൈവിക ചൈതന്യവും ഒത്തുചേരുന്ന ഈ ക്ഷേത്രം അപൂർവ്വമായ ആചാരക്രമങ്ങൾക്കും ഐതിഹ്യങ്ങൾക്കും പ്രസിദ്ധമാണ്.
പണ്ട്, ഒരുപാട് കാലങ്ങൾക്ക് മുൻപ്, ഇന്ന് ക്ഷേത്രം സ്ഥിതി ചെയ്യുന്ന പ്രദേശം മുഴുവൻ ഒരു പുണ്യ നാഗർകാവായിരുന്നു. ആ കാവിനോടനുബന്ധിച്ച് ഇടയാവണത്തു മഠത്തിലെ ഒരു മഹാനായ ബ്രാഹ്മണ ശ്രേഷ്ഠൻ വസിച്ചിരുന്നു. ഒരു സാധാരണ പൂജാരിയെന്നതിലുപരി, ഋഷിതുല്യനായ സിദ്ധപുരുഷനായി അദ്ദേഹം അറിയപ്പെട്ടിരുന്നു. അദ്ദേഹത്തോടും ആ നാഗർകാവിനോടും ജനങ്ങൾക്ക് അതിയായ ഭക്തിയും വിശ്വാസവും ഉണ്ടായിരുന്നു. ആ കാവിലെ തീർത്ഥം ഭക്തിപൂർവ്വം സേവിച്ചാൽ മാറാത്ത രോഗങ്ങൾ പോലും മാറുമെന്നായിരുന്നു വിശ്വാസം. ഇന്നും മഹാ മൃത്യുഞ്ജയ സ്വരൂപത്തിൽ വാഴുന്ന ഇളംകുളം മഹാദേവന്റെ സന്നിധിയിൽ ഭക്തർ അതേ വിശ്വാസത്തോടെ എത്തിച്ചേരുന്നു.
ആ ബ്രാഹ്മണ ശ്രേഷ്ഠൻ അതിയായ മഹാദേവഭക്തനായിരുന്നു. ഇവിടുത്തെ പൂജകൾക്ക് ശേഷം, ഏറെ ദൂരെയുള്ള തെക്കുഭാഗത്തെ ഒരു ശിവക്ഷേത്രത്തിൽ ദിവസവും സന്ധ്യാവന്ദനത്തിനും ദീപാരാധനയ്ക്കുമായി പോകുന്നത് അദ്ദേഹത്തിന്റെ മുടങ്ങാത്ത വ്രതമായിരുന്നു.
എന്നാൽ ഒരിക്കൽ അദ്ദേഹത്തിന് ഗുരുതരമായ കാലാസുഖം ബാധിച്ചു. നടക്കാൻ പോലും കഴിയാത്ത അവസ്ഥയായി. ജീവിതത്തിലാദ്യമായി അദ്ദേഹത്തിന് ആ ശിവക്ഷേത്രത്തിലെ ദീപാരാധനയ്ക്ക് എത്താൻ സാധിച്ചില്ല. അതിയായ ദുഃഖത്തോടെയും ഹൃദയവേദനയോടെയും അദ്ദേഹം അന്ന് രാത്രി മഹാദേവനോട് പ്രാർത്ഥിച്ചുകൊണ്ട് കഴിഞ്ഞു.
അന്നിറവിൽ ഭക്തനെ കൈവിടാത്ത പരമശിവൻ അദ്ദേഹത്തിന് സ്വപ്നദർശനം നൽകി. താൻ നിത്യവും പൂജ ചെയ്യുന്ന ആ നാഗർകാവിന് സമീപം തന്നെയാണ് മഹാദേവനെ ദർശിക്കാനാകുകയെന്ന ദൈവിക സന്ദേശമായിരുന്നു അത്.
പിറ്റേന്ന് പുലർച്ചെ അദ്ദേഹം കാവിനരികിലേക്ക് എത്തി. അവിടെയുള്ള വിശാലമായ ജലാശയത്തിനരികിലെ പാറയിൽ അത്ഭുതകരമായി ഒരു സ്വയംഭൂ ശിവലിംഗം പ്രത്യക്ഷപ്പെട്ടിരുന്നതായി അദ്ദേഹം കണ്ടു. ആ ദിവ്യദർശനത്തിൽ ആനന്ദഭാഷ്പങ്ങളോടെ അദ്ദേഹം അവിടെ തന്നെ ശിവലിംഗത്തെ പൂജിച്ചാരാധിക്കാൻ ആരംഭിച്ചു. പിന്നീട് ആ പുണ്യസ്ഥലം തന്നെയാണ് ഇന്നത്തെ ഇളംകുളം ശ്രീ മഹാദേവ ക്ഷേത്രമായി അറിയപ്പെടുന്നത്.
ഇന്നും ക്ഷേത്രത്തിൽ എത്തുന്ന ഭക്തർക്ക് ആ ഐതിഹ്യത്തിന്റെ സാന്നിധ്യം അനുഭവിക്കാനാകുന്നു. പ്രധാന ശിവലിംഗം ജലാശയത്തോട് ചേർന്ന് തറനിരപ്പിൽ നിന്നും അല്പം താഴ്ന്ന നിലയിലാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. കൂടാതെ, മറ്റ് ശിവക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായ ആരാധനാക്രമങ്ങളും ചിട്ടവട്ടങ്ങളും ഇവിടുത്തെ പ്രത്യേകതയാണ്. ദിവസേന മൂന്ന് ശീവേലി നടക്കുന്ന അപൂർവ്വം മഹാദേവക്ഷേത്രങ്ങളിലൊന്നായ ഇളംകുളം ശ്രീ മഹാദേവ ക്ഷേത്രം ഭക്തരുടെ ആത്മവിശ്വാസത്തിന്റെയും ദൈവിക അനുഭവത്തിന്റെയും മഹത്തായ കേന്ദ്രമായി ഇന്നും നിലകൊള്ളുന്നു.
Categories
Region
Location
-
3149, Elamkulam Ln, near SBI Branch Kallampally Junction Sreekaryam, Gowari Nagar, Sreekaryam, Thiruvananthapuram, Kerala 695017, India

Add a review